റിയാദ്: സൗദി അറേബ്യയിൽ വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് വിസ നൽകുന്നതിനുള്ള സേവനം ആരംഭിച്ചു. വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി ഒരുക്കിയ ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ് വിദ്യാഭ്യാസ വിസ അനുവദിക്കുന്നത്. റിയാദിൽ നടന്ന ‘ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ്’ സമ്മേളനത്തോടനുബന്ധിച്ചാണ് വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽബുനിയാൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ സൗദിക്കകത്തും പുറത്തുമുള്ള വിദേശികൾക്ക് രാജ്യത്തെ വിവിധ സർവകലാശാലക്ക് കീഴിലെ കോളജുകളിൽ ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷിക്കാനും വിസ നേടാനുമാകും. പ്ലാറ്റ്ഫോമിൽ വിവിധ ഭാഷകളിൽ സേവനം ലഭ്യമാണ്. സൗദിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതാണ് ഈ പോർട്ടൽ.